Sunday, March 1, 2020

വാസ്തുശാസ്ത്രം 1

അതി പൗരാണികമായ ഒരു ശാസ്ത്ര മേഖലയാണ് വാസ്തുശാസ്ത്രം വാസ്തു ശാസ്ത്രം എന്നത് ശില്പ വിധിയുടെ ശാസ്ത്രമാണ് ഭൂമിയിൽ നിർമ്മിക്കുന്ന ഏതൊരു നിർമ്മിതിയിലും വാസ്തുശാസ്ത്രത്തിന്‍റെ പ്രശസ്തി അതിപുരാതനകാലം മുതൽ ഇന്നോളം പ്രശസ്തമായി തുടരുന്നു
വാസ്തു അനുസരിച്ച് നിർമ്മിതി നടത്തുക എന്ന് വെച്ചാൽ പ്രകൃതിക്ക് വിധേയമായി ഊർജ്ജ പ്രവാഹങ്ങള്‍ക്ക് വിഘ്നം വരാതെ നിർമ്മിക്കുക എന്നെ അർത്ഥമുള്ളു. കെട്ടിടങ്ങൾ അത് വാസഗൃഹമോ വ്യാപാരസ്ഥാപനമോ എന്തുമാകട്ടെ പ്രകൃതിയെ നിഷേധിച്ചുകൊണ്ട് നിർമ്മിതികൾ നടത്തുമ്പോൾ അസ്വസ്ഥതകളുടെയും ഐശ്വര്യക്കേടുകളുടെയും രൂപത്തിൽ പ്രകൃതി പ്രതികരിക്കുന്നു.
ഈയൊരു സാഹചര്യത്തിൽ വസ്തുവിലെ ഉള്ളടക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അവയോട് ഇഴ ചേരുന്ന തരത്തിൽ കുറവുകൾ നികത്തി നിർമ്മാണം നടത്തുന്നതിനാണ് വാസ്തുശാസ്ത്രം നമ്മെ സഹായിക്കുന്നത് വാസ്തുശാസ്ത്രം എന്നത് വിവിധങ്ങളായ ഊർജ്ജരൂപങ്ങൾ പരിഗണിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ ശാസ്ത്രശാഖയാണ്.
അഥവാ പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്‍റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ് വാസ്തു ശാസ്ത്രം ചിട്ടപ്പെടുത്തിയത് എന്ന് പറയാം.
അതായത് മഴ കാറ്റ് സൗരോർജം ഗുരുത്വാകർഷണം വൈദ്യുതി കാന്തികം തുടങ്ങി ഇന്നും ആധുനിക മനുഷ്യന് അജ്ഞാതമായ മറ്റു ഊര്‍ജ്ജങ്ങളെയും വാസ്തുശാസ്ത്രം പരിഗണിച്ചിരിക്കുന്നു.
അടിസ്ഥാനപരമായി വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നീ നാലു ദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും മറ്റ് അഷ്ഠദിക്കുകളേയും വാസ്തുശാസ്ത്രം പ്രധാനമായി പരിഗണിക്കുന്നു.
സമൂഹത്തിൻറെ നന്മയ്ക്കും ക്ഷേമത്തിനു വേണ്ടി നമ്മുടെ പൂർവ്വചിന്തകന്മാർ ചിട്ടപ്പെടുത്തിയ ഒരു ശാസ്ത്ര മേഖലയാണ് വാസ്തുശാസ്ത്രം. അതിന് ഭൂമിയിലെ ഊര്‍ജ്ജപ്രസരണമായും അത് മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്നതുമായും അഭേദ്യമായ ബന്ധമുണ്ട്.
അത് മനസ്സിലാക്കി ജീവിച്ചാൽ ആരോഗ്യകരവും സമ്പന്നവും സന്തുഷ്ടവുമായ ഒരു ജീവിതം സാധ്യമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു വാസ്തുശാസ്ത്രത്തിന് വാസ്തു പുരുഷനുമായി ബന്ധമുണ്ട്. അഥവാ വാസ്തുപുരുഷൻ എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് വാസ്തുശാസ്ത്രം രചിക്കപ്പെട്ടിരിക്കുന്നത്.

No comments: