Wednesday, February 1, 2017

ജീവനം

ജനനത്തിനും മരണത്തിനും ഇടയിലുള്ള ദൈര്‍ഘ്യം ജീവിതം - അവിടെ ശൈശവം, കൗമാരം, യൗവ്വനം, യുവത്വം, വാര്‍ദ്ധക്യം  നിറയുന്ന 5 കാലഘട്ടങ്ങള്‍. അവയിലൂടെ കടന്നുപോകുവാന്‍ ആത്മാവ് എന്ന ശക്തിയാകുന്ന തുകയ്ക്ക് ശരീരം എന്ന പേടകം കൊടുത്തുവിട്ടിരിക്കുകയാണ് ആ സര്‍വ്വശക്തി.

ജനനം മരണത്തിനായുള്ള തിരികൊളുത്തലാണ്. ശരീരമാകുന്ന നിലവിളക്കില്‍ ആത്മാവ് ജീവനായ് ഞാന്‍ എരിയുപോള്‍ എന്നില്‍ എരിഞ്ഞും ഉരുകിയും ഇല്ലാതാകുന്ന ഒന്നുണ്ട്. ഊര്‍ജ്ജമെന്ന ശക്തി. അഥവാ,  നിലവിളക്കിലെ വറ്റുന്ന വിളക്കെണ്ണ. നിമിഷങ്ങളുടെ പദയാത്രകളില്‍ അവര്‍ എരിഞ്ഞടങ്ങും. ചിലപ്പോള്‍ നാം മെനഞ്ഞെടുത്ത വര്‍ഷങ്ങളുടെ നിരയാകാം. ചിലപ്പോള്‍ കണ്‍പീലികളുടെ ഒരു ചലന ദൈര്‍ഘ്യവും ആകാം. അന്ന് ഈ ശരീരം ഉപേക്ഷിച്ച് ഞാന്‍  സര്‍വ്വശക്തിയില്‍ ലയിക്കും. ഒപ്പം എന്‍റെ ശരീരത്തെയും ആ ശരീരത്തിലൂടെ ഞാന്‍ ചെയ്ത പ്രവര്‍ത്തികളും വിലയിരുത്തി പലരും ആത്മാവാകുന്ന ശക്തിയെ ജീവനുള്ള ശരീരത്തിന്‍റെ ഉടമസ്ഥന്‍ മനസ്സാകുന്ന താളുകളില്‍ എഴുതിയിടും......!

ഒരോ ജീവനും സംയോജനമാണ്. കൂടിച്ചേരലിന്‍റെ കൂട്ടിചേര്‍ക്കലിന്‍റെ പകര്‍പ്പാകുന്ന തുക. ജന്മം എന്തുമാകട്ടെ എല്ലാ ജനനവും കാത്തിരിപ്പിന്‍റെ വക്കിലാണ് അടുത്ത നിമിഷത്തിനായുള്ള കാത്തിരിപ്പ്. ഒരോ ശ്വാസം അകത്തേക്കെടുക്കുന്നതിനു പോലും നാം കാത്തിരിക്കണം, എന്തിന് ജീവന്‍റെ ഹൃദയതാളം പോലും കാത്തിരിപ്പിലാകുന്നു. എന്നാല്‍, നാം ഈ ചെറിയ കാത്തിരിപ്പിന്‍റെ നിമിഷ ദൈര്‍ഘ്യം അറിയുന്നില്ല എന്നു മാത്രം. പക്ഷേ ജനിച്ചവരും ജീവിച്ചവനുമായ ഏതൊരുവനും കാത്തിരിപ്പിന്‍റെ സുഖദുഃഖമറിഞ്ഞിരിക്കണം. താന്‍ ജീവിച്ച ഓരോ കലഘട്ടത്തിന്‍റെ തനതായ ശൈലിയില്‍. പക്ഷേ, ഏവരും ഒന്നിച്ചറിയുന്ന കാത്തിരിപ്പിന്‍റെ ഓര്‍മ്മപ്പെടുത്തലുകളുടെ ഒരു കാലമുണ്ട്. മരണം എന്ന വിച്ഛേദനത്തിനുമുന്നിലേക്കു നാം നടന്നു നീങ്ങുന്ന വേളകള്‍. ആ കാത്തിരിപ്പില്‍ കണ്ടുപോയ സമയവും ആ പോയ നിമിഷങ്ങളില്‍ നാം അനുഭവിച്ച വിധിയെന്ന തന്ത്രശാലിയായ മജീഷ്യന്‍റെ കാഴ്ചക്കാരായ സുഖദുഃഖസമ്മിശ്രങ്ങളും നാം ഓര്‍ത്തിരിക്കുംആ ഓര്‍മ്മകളില്‍ നിറയുന്നത് ഒന്നാലോചിച്ചാല്‍ കാത്തിരിപ്പിന്‍റെ സുഖവും ദുഃഖവും മാത്രമാണ്.

പണ്ട് എങ്ങോ ആരോ പറഞ്ഞ ഒരു വാചകം ഓര്‍ക്കുന്നു. താമരകുളം കൊഴിഞ്ഞുവീണ പൂക്കാലം ഓര്‍ത്തുകൊണ്‍ട് കാത്തിരിക്കുന്നു. ജീവിത മരണങ്ങളുടെ തോളില്‍ കൈവച്ചുകൊണ്‍ട് ആരെയോ പതീക്ഷിച്ച് അന്തിനക്ഷത്രം ചിരിച്ചു നില്‍ക്കുന്നു. മുല്ലയോടു യാത്ര പറഞ്ഞുകൊണ്‍ട് ഹൃദയതുടിപ്പുമായി പനിനീര്‍പ്പൂ കാത്തിരിക്കുന്നു. കോളേജുപൂട്ടിയ നാട്ടിലേക്കു പോകുന്ന കൂട്ടുകാരനോട് അന്തികാറ്റു പറഞ്ഞു ഉടന്‍ തിരിച്ചുവരൂ ഞാന്‍ കാത്തിരിക്കും.  ഭൂമിയാകട്ടെ ഉദയത്തെ കാത്തിരിക്കുന്നു. രാത്രിയാകട്ടെ ചന്ദ്രനെ കാത്തിരിക്കുന്നു. പാതിരാകാറ്റിന്‍റെ പദവിന്യാസത്തിനായി മണിയറയില്‍ മുല്ലപ്പൂ കാത്തിരിക്കുന്നു...... അതുപോലെ നാമും കാത്തിരിക്കുകയാണ് അടുത്ത നിമിഷത്തിനായി........! ചിലതിനെയൊക്കെ,,,,,,, ചിലരെയൊക്കെ....................!

Rakesh Krishnan

No comments: